കൊച്ചി: ചെറുകിട വ്യവസായം തുടങ്ങുന്നതിനായുള്ള ലൈസന്‍സിനായി കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് അപേക്ഷയും കിട്ടിയ സര്‍ട്ടിഫിക്കറ്റുകളും കീറി എറിഞ്ഞ് യുവതി.കൈക്കൂലി കൊടുത്ത് ഇവിടെ ഒരു സംരംഭവും തുടങ്ങാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി. കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ കാര്യാലയത്തിലാണ് സംഭവം. പള്ളുരുത്തി പെരുമ്ബടപ്പ് ബംഗ്ലാവില്‍ വീട്ടില്‍ മിനി ജോസ് എന്ന യുവതിയാണ് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് അപേക്ഷയും കയ്യിലുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകളും കീറി എറിഞ്ഞത്. ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും വിദേശത്തേക്ക് മടങ്ങിപ്പോകുകയാണെന്നും മിനി മറുനാടനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ചൊടിപ്പിച്ച സംഭവം അരങ്ങേറിയത്. ഒരു വര്‍ഷമായി വിദേശത്ത് നിന്നും നാട്ടിലെത്തിയ മിനി വയോധികരായ മാതാപിതാക്കള്‍ക്കൊപ്പം നാട്ടില്‍ തന്നെ നില്‍ക്കാനായി ധാന്യം പൊടിപ്പിക്കുന്ന മില്ല് തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനായി പഴയ വീട് തിരഞ്ഞെടുക്കുകയും ലൈസന്‍സിനായുള്ള അപേക്ഷ നല്‍കുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ലൈസന്‍സ് ലഭിച്ചെങ്കിലും കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല.
പലതവണ മേഖലാ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല എന്നാണ് മിനി പറയുന്നത്. ഒടുവില്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കാന്‍ മിനി തയ്യാറായില്ല. ഇതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിനി പറയുന്നു. വേഗത്തില്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതെന്തു കൊണ്ടെന്ന് ചോദ്യം ചെയ്ത മിനിക്ക് നേരെ ഉദ്യോഗസ്ഥന്‍ തട്ടിക്കയറി. ഈ സമയം അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിയുകയും ഇറങ്ങി പോകുകയുമായിരുന്നു.
'ഒന്നരമാസമായി ഇതിന് പുറകെ നടക്കുകയാണ്. എന്റെ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാനായാണ് എന്തെങ്കിലും ഒരു വരുമാന മാര്‍ഗ്ഗം എന്ന നിലയില്‍ ധാന്യം പൊടിക്കുന്ന മില്ല് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ മൂലം എനിക്ക് അത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. അതിനാലാണ് അപേക്ഷയും മുന്‍പ് കിട്ടിയ സര്‍ട്ടിഫിക്കറ്റുകളും കീറി എറിഞ്ഞത്. മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി കോര്‍പ്പറേഷന്‍ ഓപീസിലെ ഒരു ജീവനക്കാരി പറഞ്ഞതനുസരിച്ച് പുറത്തുള്ള യുവതി സമീപിച്ചു. അപേക്ഷ നല്‍കാനും മറ്റുമായി 8,000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. കീറി എറിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി 17,000 രൂപയോളം മുടക്കിയതാണ്. ഇനി മുന്നോട്ട് പോകാന്‍ പണക്കൊതിയരായ ഉദ്യോഗസ്ഥര്‍ സമ്മതിക്കില്ലെന്ന് അറിയാം. അതു കൊണ്ട് ഈ ശ്രമം ഉപേക്ഷിച്ച് തിരികെ വിദേശത്തേക്ക് തന്നെ പോകുകയാണ്';- മിനി പറയുന്നു.
'പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാനായി സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് പലവട്ടം മുഖ്യമന്ത്രി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ഇവിടെ യാഥാര്‍ത്ഥ്യമാകുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കുന്നില്ല. അതിനാലാണ് എന്നെ പോലെ ഉള്ളവര്‍ക്ക് ഈ ഗതി വരുന്നത്. ഒന്നും ആരോടും പറയാതെ ഇവിടെ നിന്നും തിരിച്ചു പോകാമെന്ന് കരുതിയതാണ്. പക്ഷേ ഇനിയും സാധാരണക്കാരായ മറ്റുള്ളവര്‍ ഇത്തരം ആര്‍ത്തിക്കാരായ ഉദ്യോഗസ്ഥരുടെ മുന്നില്‍ വീഴരുത്. അതുകൊണ്ട് മാത്രമാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. എനിക്കെതിരെ ഇനി എന്തൊക്കെ കഥകളാണ് അവര്‍ പറഞ്ഞു പരത്താന്‍ പോകുന്നതെന്ന് അറിയില്ല. എന്ത് തന്നെയായാലും അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്' എന്നും മിനി ജോസ് മറുനാടനോട് പറഞ്ഞു.
അതേ സമയം മിനിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിനിയുടെ വീട്ടില്‍ സ്ഥാപനം തുടങ്ങാന്‍ നിലവിലെ കെട്ടിട ലൈസന്‍സ് കൊണ്ട് പറ്റില്ല. അത് കോമേഴ്സ്യല്‍ ലൈസന്‍സാക്കിയെങ്കില്‍ മാത്രമേ സ്ഥാപനം തുടങ്ങാന്‍ കഴിയൂ. അതിനായി പഴയ രജിസ്റ്റര്‍ ബുക്കുകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സമയം എടുക്കും. അക്കാര്യം പറഞ്ഞപ്പോള്‍ മിനി ഉടന്‍ വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.
ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് നേരെ കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നിട്ടും അവരെ സമാധാനിപ്പിച്ച് അടുത്ത ദിവസം തന്നെ എല്ലാം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു. പക്ഷേ മിനി അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിയുകയായിരുന്നു എന്നും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Stories you may Like
Post a Comment