'രഹാനെയോ വിഹാരിയോ?'; മൂന്നാം ടെസ്റ്റില്‍ ആരെ കളിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍


ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ കളിപ്പിക്കേണ്ട താരത്തെ നിര്‍ദ്ദേശിച്ച്‌ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ജോഹന്നാസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായാണ് ഹനുമാ വിഹാരിയെ ഇന്ത്യ ടീമില്‍ ഉള്‍പെടുത്തിയത്. ആദ്യ ഇന്നിങ്സില്‍ 53 പന്തില്‍ 20 റണ്‍സ് നേടിയ വിഹാരി രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ 40 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

‌മറുഭാഗത്ത് ആദ്യ ഇന്നിങ്സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായ രഹാനെ രണ്ടാം ഇന്നിങ്സില്‍ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 78 പന്തില്‍ 58 റണ്‍സ് നേടിയ രഹാനെയായിരുന്നു രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. എന്നാല്‍ ഈ പ്രകടനത്തിനിടയിലും രഹാനെയെ മൂന്നാം ടെസ്റ്റില്‍ ഉള്‍പെടുത്തരുതെന്ന് നിര്‍ദ്ദേശിച്ച ഗംഭീര്‍ ഹനുമാ വിഹാരിയെ ഒഴിവാക്കുന്നത് ദൗഭാഗ്യകരമായിരിക്കുമെന്നും വ്യക്തമാക്കി.

” അടുത്ത ടെസ്റ്റില്‍ വിഹാരി കളിക്കാതിരുന്നാല്‍ അത് വളരെ ദൗര്‍ഭാഗ്യകരമായിരിക്കും. കാരണം ഈ മത്സരത്തില്‍ രഹാനെ ഫിഫ്റ്റി നേടിയെങ്കില്‍ പോലും ഹനുമാ വിഹാരി പുറത്താകാതെ 40 റണ്‍സ് നേടിയിട്ടുണ്ട്. രഹാനെയെ പോലെ നാലാമനായാണ് ബാറ്റ് ചെയ്തതെങ്കില്‍ അവനും ഫിഫ്റ്റി നേടുവാന്‍ സാധിക്കുമായിരുന്നു. ” ഗംഭീര്‍ പറഞ്ഞു.

” രണ്ട് ഇന്നിങ്സിലും നിയന്ത്രണത്തോടെയാണ് വിഹാരി ബാറ്റ് ചെയ്തത്. അത്തരത്തിലുള്ള ഒരു ബാറ്ററെ തീര്‍ച്ചയായും പിന്തുണയ്ക്കേണ്ടതുണ്ട് അല്ലാതെ ഒരു മത്സരത്തില്‍ കളിപ്പിച്ച്‌ പിന്നീട് ഒഴിവാക്കി ആറ് മാസങ്ങള്‍ക്ക് ശേഷമോ ഒരു വര്‍ഷത്തിന് ശേഷമോ മാത്രം അവസരം നല്‍കുകയല്ല വേണ്ടത്. “”രഹാനെ എന്ത് പ്രകടമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് വളരെകാലമായി നമ്മള്‍ കാണുന്നതാണ്, അടുത്ത ടെസ്റ്റില്‍ കോഹ്ലി തിരിച്ചെത്തുമ്പോള്‍ അവന്‍ രഹാനെയ്ക്ക് പകരം നാലാമനായി ബാറ്റ് ചെയ്യണം, വിഹാരി അഞ്ചാമനായും. ഇതാണ് ശരിയായ തീരുമാനം, ഇത്തരത്തിലാണ് ടീം മുന്‍പോട്ട് പോകേണ്ടത്. കാരണം ടീം മാനേജ്മെന്റ് വളരെയികം രഹാനെയെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ വിഹാരിയുടെ പ്രകടനം നോക്കൂ, അത്രയും തന്നെ അവനെയും പിന്തുണയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post