അക്ഷരം പകർന്നുകൊടുത്തതിന് ഉഷാ കുമാരിക്ക് കിട്ടിയ പ്രതിഫലം!

മൂവാറ്റുപുഴ∙ ജോലിയിൽ നിന്നു വിരമിച്ചു മാസങ്ങൾ കഴി‍ഞ്ഞിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് പെൻഷൻ വൈകിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എൽപി സ്കൂൾ അധ്യാപിക വിദ്യാഭ്യാസഓഫിസിനു മുന്നിൽ നിരാഹാര സമരത്തിൽ. മണിയന്തടം സർക്കാർ എൽപി സ്കൂളിൽ നിന്നു വിരമിച്ച അധ്യാപിക ഉഷാ കുമാരിയാണു കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. മേയ് 31നാണു ഉഷാ കുമാരി വിരമിച്ചത്.

ഇതിനു മുൻപു തന്നെ ഓഡിറ്റിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉഷാ കുമാരി അപേക്ഷ നൽകിയിരുന്നു. എന്നാൽ വിരമിച്ച ശേഷമാണ് ഓഡിറ്റ് നടന്നത്. ഇതിനു മുൻപ് ഉദ്യോഗസ്ഥരിൽ ഒരാൾ വിളിച്ച് പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിനു ചില ആവശ്യങ്ങൾ മുന്നോട്ടു വച്ചിരുന്നെങ്കിലും നിയമവിരുദ്ധമായ നടപടികൾക്കു തയാറല്ലെന്ന് അറിയിച്ചതോടെയാണു പെൻഷൻ വൈകിപ്പിക്കുന്ന നടപടികൾ തുടങ്ങിയതെന്നാണ് ഉഷാ കുമാരി പറയുന്നത്. നിയമവിരുദ്ധ നടപടികളെ തുടർന്നു വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് പെൻഷൻ വൈകിപ്പിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം.


തുടർന്ന് വിവിധ ഓഫിസുകളിൽ പലവട്ടം കയറിയിറങ്ങേണ്ടി വന്നു. ഒടുവിൽ പെൻഷനു വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തു. നടപടികൾ പൂർത്തിയായെന്നും ഇന്നലെ എഇഒ ഓഫിസിൽ എത്തണം എന്നും അറിയിച്ചതിനെ തുടർന്ന് ഓഫിസിൽ എത്തിയപ്പോൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല. തുടർന്നാണു ഓഫിസിനു മുന്നിൽ ഉഷാ കുമാരി നിരാഹാര സമരം ആരംഭിച്ചത്. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഉഷകുമാരിയെ ആശുപത്രിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post