സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു


സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് സർവീസിൽ പ്രവേശിച്ചത്. ശിവശങ്കറിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും എന്ത് ചുമതലയാകും നല്‍കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനമെടുക്കും. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാലാണ് അദ്ദേഹത്തിന് ഓഫീസില്‍ ഹാജരാകാന്‍ കഴിയാതിരുന്നത്.

നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വ‍‍ര്‍ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും അറസ്റ്റ് ചെയ്തതിനെ തുടർന്ന് ശിവശങ്കർ 98 ദിവസം ജയിലിൽ കഴിഞ്ഞു. എല്ലാ കേസിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനാകാന്‍ 2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കറിന് സാധിച്ചത്. 2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സർവീസ് കാലാവധി.

സസ്പെന്‍ഷനിലാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്റെ കാലാവധി കഴിഞ്ഞാല്‍ മടങ്ങിയെത്തുക ആ പദവിയിലേക്കാണ് തന്നെയാകും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടക്കം ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെയാണ് കേസില്‍ പെട്ട് ശിവശങ്കർ സസ്പെന്‍ഷനിലാകുന്നത്. അതിനാല്‍ മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയാകും ശിവശങ്കറിന് നല്‍കുക.

Post a Comment

Previous Post Next Post