ഒഡീഷയിലെ ബന്ദപാരി ഗ്രാമവാസികള്‍ ബി.ജെ.ഡി എം.എല്‍.എ പ്രദീപ് കുമാര്‍ ദിഷാരിയെ കാണാനെത്തി. അവരുടെ നാട്ടില്‍ പുതുതായി നിര്‍മിച്ച മൊബൈല്‍ ടവര്‍ ഉദ്ഘാടനം ചെയ്യാന്‍ എം.എല്‍.എ ക്ഷണിക്കാനാണ് അവരെത്തിയത്.തന്റെ മണ്ഡലമായ ബൗത്തിഖാമാനില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഉദ്ഘാടനത്തിന് വരാമെന്ന് എം.എല്‍.എയും സമ്മതിച്ചു. പറഞ്ഞ സമയത്തിന് എം.എല്‍.എയും പരിവാരങ്ങളും ഗ്രാമത്തിലെത്തി. പക്ഷേ അവിടെയായിരുന്നു കഥയുടെ ട്വിസ്‌റ്റ്.
മൊബൈല്‍ ടവറിന് പകരം കണ്ടത് മുളക്കമ്ബുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഡമ്മി ടവറായിരുന്നു. ബി.എസ്.എന്‍.എല്‍ 4G എന്നെഴുതിയ ബാനറും അതിന് മുന്നില്‍ വലിച്ചുകെട്ടിയിരുന്നു.നമ്മുടെ പുതിയ മൊബൈല്‍ ടവറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ പ്രദീപ് കുമാര്‍ ദിഷാരി നിര്‍വഹിക്കുന്നു എന്നും ആ ബാനറില്‍ എഴുതിയിരുന്നു.കാര്യമന്വേഷിച്ചപ്പോഴാണ് വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് ഗ്രാമവാസികള്‍ മനസുതുറന്നത്. ഒരു മൊബൈല്‍ ടവറിനായി ആ ഗ്രാമവാസികള്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല, കാണാത്ത ജനപ്രതിനിധികളില്ല. പക്ഷേ ആരും അവരുടെ ആവശ്യത്തെ ഗൗനിച്ചതേയില്ല.സകല കാര്യങ്ങള്‍ക്കും മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കേണ്ടിവരുന്ന കാലഘട്ടത്തില്‍ ഇതൊന്നുമില്ലാതെ ഇവിടുത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ഇവിടെ വന്ന് വാഗ്ദാനങ്ങള്‍ നടത്തും. എന്നാല്‍ ജയിച്ചുകയറിയാല്‍ പിന്നെ തിരിഞ്ഞുനോക്കില്ലെന്ന് ഗ്രാമവാസിയായ തരുണ ദളപതി പറയുന്നു. ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കാണ് അവിടെ ആകെ ലഭിക്കുന്നത്. അതിനാകട്ടെ റേഞ്ച് ഒട്ടും കിട്ടാറില്ല. ഒന്ന് ഫോണ്‍ വിളിക്കണമെങ്കില്‍ പോലും നാല് കിലോമീറ്റര്‍ മലമ്ബ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അകലെയുള്ള കുകെല്‍കുബോറി ഗ്രാമത്തിലേക്കെത്തണം. കൃത്യസമയത്ത് ആംബുലന്‍സ് വിളിക്കാന്‍ സാധിക്കാത്തതിനാല്‍ 27 കാരിയായ ഗര്‍ഭിണി മരിച്ച സംഭവവും ഗ്രാമവാസികള്‍ പങ്കുവെക്കുന്നു. നേരത്തെ ആംബുലന്‍സ് വിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവളെ ആശുപത്രിയിലെത്തിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കുമായിരുന്നെന്ന് അവര്‍ പറയുന്നു.
കോവിഡിന്റെ ആരംഭം മുതല്‍ സകല സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. അടുത്തുള്ള ഗ്രാമത്തിലേക്ക് കുന്നുംമലയും കയറി മണിക്കൂറുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ ക്ലാസ് കാണാന്‍ സാധിക്കൂ. രാവിലെ മലമ്ബ്രദേശത്തേക്ക് പോകുന്നകുട്ടികള്‍ മടങ്ങിയെത്തുമ്ബോള്‍ രാത്രി ഒമ്ബതുമണി കഴിയും. ഈ സമയം മുഴുവന്‍ അവരുമായി ആശയവിനിമയം നടത്താന്‍ കഴിയാതെ മാതാപിതാക്കള്‍ ഭീതിയിലാണ് കഴിയുന്നത്. സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് കടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, ഗ്രാമീണരുടെ ഈ വേറിട്ട പ്രതിഷേധം തന്നെ അത്ഭുതപ്പെടുത്തിയെന്ന് എം.എല്‍.എ ദിഷാരി സമ്മതിച്ചു.ഈ ഗ്രാമത്തില്‍ എങ്ങനെ ഒരു മൊബൈല്‍ ടവര്‍ വരുമെന്ന് സംശയം തോന്നിയെങ്കിലും ഗ്രാമവാസികള്‍ ഇങ്ങനെ ഒരു സമരം ആസൂത്രണം ചെയ്തതായി എനിക്കറിയില്ലായിരുന്നു. അവരുടെ സങ്കടങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഈ പ്രദേശങ്ങളില്‍ ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നതിന് ഞങ്ങള്‍ വേണ്ടത് ചെയ്യും. കേന്ദ്രത്തില്‍ നിന്ന് ഇതിനായി അനുമതി ലഭിക്കേണ്ടതുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ട്. എന്നാലും ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്നും അതുവരെ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് ഗ്രാമവാസികള്‍. ഒഡിഷയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത 6278 ഗ്രാമങ്ങളുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തന്നെ വെളിപ്പെടുത്തിയിരുന്നു.
Post a Comment