ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ രാജ്യത്ത ആദ്യ വ്യക്തിയാണ് ദിലീപ്; ഗൂഢാലോചനാ കേസില്‍ തെളിവു ലഭിക്കല്‍ പ്രയാസമെങ്കിലും ശബ്ദസാമ്ബിളുകള്‍ അടക്കം ലഭിച്ചിട്ടുണ്ട്; ബാലചന്ദ്ര കുമാറിന്റെ ശബ്ദരേഖകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷന്‍ വാദം കോടതി മുഖവിലയ്ക്കെടുത്താല്‍ ദിലീപിന് വീണ്ടും അഴിക്കുള്ളില്‍ പോകാന്‍ അവസരം ഒരുങ്ങും; നടന് ഇന്ന് നിര്‍ണായക ദിനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനം.കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും ദിലീപിനെതിരായ കേസിന്റെ വിശദാശംങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ താരത്തിന് ജാമ്യം നല്‍കരുതെന്ന് ഇന്നലെ കോടതിയില്‍ വാദിച്ചത്.

ബലാല്‍സംഗം ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതു സംബന്ധിച്ച കേസ് ഒരു പക്ഷേ, രാജ്യത്തു ശിക്ഷാനിയമം നിലവില്‍ വന്നശേഷം ആദ്യമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തു നല്‍കിയ വിശദീകരണത്തിലാണിത്. ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.

സമാനതകളില്ലാത്ത കേസാണിതെന്നും ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതു ചരിത്രത്തില്‍ ആദ്യമാണെന്നും എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി എംപി.മോഹനചന്ദ്രന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണ്. ഓരോ ഘട്ടത്തിലും നിയമ നടപടികള്‍ തടസ്സപ്പെടുത്താനാണു ശ്രമിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ച സംഭവങ്ങളിലും ദിലീപിനു പങ്കുണ്ട്.

കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഭീഷണി നിലനില്‍ക്കുന്ന അവസ്ഥയിലാണു കാര്യങ്ങള്‍. ഗൂഢാലോചനയെത്തുടര്‍ന്നുള്ള നീക്കങ്ങളും ഇപ്പോഴും പ്രതികള്‍ക്ക് അത്തരമൊരു ലക്ഷ്യമുണ്ടോയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഇത്തരമൊരു കുറ്റകൃത്യത്തിലെ മുഖ്യ സൂത്രധാരന്‍ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും സംസ്ഥാനത്ത് ആദ്യമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്തുതകളും കണ്ടെത്താനാകൂ. നിര്‍ണായക തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് എസ്‌പി. എംപി. മോഹനചന്ദ്രന്‍ ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ വഴിയാണ് വിശദീകരണം നല്‍കിയത്.

നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ദിലീപ് ആദ്യംമുതല്‍ നടത്തുന്നുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപായിരുന്നു. നിയമ നടപടികള്‍ തടസ്സപ്പെടുത്താന്‍ ഓരോ ഘട്ടത്തിലും ശ്രമിച്ച ദിലീപ് ഇപ്പോള്‍ പ്രോസിക്യൂഷനെതിരേ ആരോപണം ഉന്നയിക്കുകയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ രാജിയിലേക്കു നയിച്ച സംഭവങ്ങള്‍ക്കും ദിലീപിന് പങ്കുണ്ട്.

ഗൂഢാലോചനക്കേസില്‍ തെളിവുകള്‍ ലഭിക്കുക ക്ലേശകരമാണ്. ഇവിടെ സംഭവത്തിന് സാക്ഷിയായ ഒരാള്‍ മൊഴി നല്‍കാന്‍ മുന്നോട്ടു വന്നു. പ്രതികള്‍ നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ ക്ലിപ്പ് പ്രതികളുടെ ശബ്ദ സാമ്ബിളുകളോടൊപ്പം പരിശോധനയ്ക്ക് അയയ്ക്കണം. ഇതിനായി പ്രതികളുടെ ശബ്ദ സാമ്ബിള്‍ എടുക്കണം.

ജനുവരി 13-ന് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അടക്കം 19 സാധനങ്ങള്‍ പിടിച്ചെടുത്തു. ഇവയുടെ ഫോറന്‍സിക് പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണം. സത്യം കണ്ടെത്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

ഗൂഢാലോചനയെ തുടര്‍ന്നുള്ള നീക്കങ്ങള്‍ എന്തെല്ലാമായിരുന്നു എന്നും ഇപ്പോഴും അത്തരമൊരു ലക്ഷ്യം ഉണ്ടോ എന്നതുമൊക്കെ കണ്ടെത്തണം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ സ്വതന്ത്രമായ അന്വേഷണം തടസ്സപ്പെടും. പ്രതികള്‍ ഏറെ സ്വാധീനമുള്ളവര്‍ ആയതിനാല്‍ അന്വേഷണത്തില്‍ ഇടപെടാനാകും. ഇതുവരെ ലഭിച്ച തെളിവുകള്‍ അപകടരമായ കാര്യങ്ങളാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് മാറ്റണമെന്ന അപേക്ഷ 25നു മാറ്റി

ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതു മാറ്റിവയ്ക്കാന്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ വിചാരണക്കോടതി 25നു പരിഗണിക്കും.

കേസില്‍ തുടരന്വേഷണം നടത്താനുള്ള സൗകര്യത്തിനു വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി 24നു പരിഗണിക്കുന്ന സാഹചര്യത്തിലാണു വിചാരണക്കോടതിയുടെ നടപടി. 2022 ഫെബ്രുവരി 16നു മുന്‍പു വിചാരണ പൂര്‍ത്തിയാക്കാനുള്ള സുപ്രീംകോടതിയുടെ മുന്‍ ഉത്തരവു നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കൂടുതല്‍ സമയം ചോദിച്ചു സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹര്‍ജി നല്‍കിയത്. തുടരന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചു.

ഹൈക്കോടതി ഉത്തരവു പ്രകാരം കേസില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന 4 സാക്ഷികള്‍ക്കും സമന്‍സ് അയയ്ക്കാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ വിസ്തരിച്ച ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. 22 മുതല്‍ ഇവരുടെ വിസ്താരമാണു നടക്കുന്നത്. അഡീ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇന്നലെ വിചാരണക്കോടതിയില്‍ ഹാജരായത്.

Stories you may Like

Post a Comment

Previous Post Next Post