മോസ്‌കോ: റഷ്യന്‍ ഭാഗത്തുനിന്നും ഒരു ചെറിയ ആക്രമണം ഉണ്ടായാല്‍ പോലും അത് യുദ്ധമായി കാണുമെന്നും, ശിക്ഷിക്കാതെ വിടില്ലെന്നുമുള്ള ജോ ബൈഡന്റെ പ്രസ്താവന എരിതീയില്‍ എണ്ണ ഒഴിച്ചിരിക്കുകയാണ്.റഷ്യന്‍ സൈന്യത്തിന്റെ ഏത് നടപടികളോടും തക്ക സമയത്ത് അമേരിക്ക പ്രതികരിക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നേരിട്ടുള്ള ഒരു സൈനിക ആക്രമണം മാത്രമായിരിക്കില്ല റഷ്യന്‍ അജണ്ടയില്‍ ഉള്ളത് എന്നും ബൈഡന്‍ പറഞ്ഞു. ഒളിയുദ്ധങ്ങളും റഷ്യയ്ക്ക് പരിചിതമാണ്. ഉക്രെയിനെതിരെയുള്ള ചെറിയൊരു ആക്രമണം പോലും അമേരിക്ക ഗൗരവത്തില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ബൈഡന്‍ പറഞ്ഞത് റഷ്യ ഉക്രെയിനെ ആക്രമിച്ചാല്‍ അത് ഒരു നാശത്തില്‍ കലാശിക്കും എന്നായിരുന്നു. മാത്രമല്ല, ചെറിയതോതിലുള്ള ആക്രമണമാണെങ്കില്‍ സംസാരങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതായിരിക്കും നല്ലതെന്നും ബൈഡന്‍ സൂചിപ്പിച്ചിരുന്നു.ഇത് റഷ്യയ്ക്ക് ആക്രമണത്തിനുള്ള പച്ചക്കൊടി കാട്ടലാണ് എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ബൈഡന്‍ കൂടുതല്‍ ശക്തമായ നിലപാടുകളുമായി എത്തിയത്. ഇക്കാര്യത്തില്‍ ബൈഡന് ഉറച്ച പിന്തുണ നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉണ്ട്.
റഷ്യ ഉക്രെയിനെ ആക്രമിച്ചാല്‍ അത് ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്‌ത്തുന്ന ഒരു കാര്യമായിരിക്കും എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. കഴിഞ്ഞവര്‍ഷം, ടാങ്കുകള്‍ ഉള്‍പ്പടെയുള്ള യുദ്ധ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം ഉക്രെയിന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചതോടെ മേഖലയില്‍ അശാന്തി വളരുകയാണ് . ഏറ്റവും അടുത്തായി ജനുവരി 19 ന് ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രത്തില്‍ ഉക്രെയിനില്‍ നിന്നും ഏകദേശം 200 മൈല്‍ ദൂരെയുള്ള വൊറോനെസ് ബേസില്‍ യുദ്ധസന്നാഹങ്ങള്‍ വിന്യസിച്ചിരിക്കുന്നത് കാണമ്മ്. അതുപോലെ ബെലാറസുമായുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 77 മൈല്‍ മാറിയുള്ള ക്യാമ്ബിലും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
മറ്റൊരു ഉപഗ്രഹ ചിത്രത്തില്‍ ബെലാറസ് അതിര്‍ത്തിയില്‍ നിന്നും കേവലം 18 മൈല്‍ മാറിയും ഉക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നും കേവലം 50 കി.മീറ്റര്‍ ദൂരത്തിലും റാഷ്യന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടുണ്ട്. 1 ലക്ഷത്തിലധികം സൈനികരാണ് ഇപ്പോള്‍ ഉക്രെയിന്‍ അതിര്‍ത്തിയില്‍ ഉള്ളത്. ഇവരോട് ഒമ്ബത് മാസത്തെ ഓപ്പറേഷന് തയ്യാറായി നില്‍ക്കണമെന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടയിലാണ് 140 യുദ്ധക്കപ്പലുകളും ആയിരക്കണക്കിന് നാവികരും ഉള്‍പ്പടെ നാല് സമുദ്രങ്ങളിലായി റഷ്യയുടെ നാവികപ്പടയുടെ പരിശീലന പ്രകടനം നടക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചത്. ഈ മാസവും അടുത്തമാസവും ആയിട്ടായിരിക്കും പ്രകടനം നടത്തുക. അറ്റ്ലാന്റിക്, പസഫിക്, ആര്‍ക്ടിക്, മെഡിറ്ററേനിയന്‍ സമുദ്രങ്ങളിലായിട്ടായിരിക്കും അഭ്യാസപ്രകടനങ്ങള്‍ നടക്കുക. 140 യുദ്ധക്കപ്പലുകളും, അനുബന്ധ കപ്പലുകളും, 60 വിമാനവാഹിനികളും, 10,000 നാവികരും ഈ പരിശീലന പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി അറിയിച്ചു.
അതേസമയം, റഷ്യന്‍ ബെലാറസ് അതിര്‍ത്തിയിലും വന്‍തോതില്‍ സൈനിക നീക്കം റഷ്യ നടത്തുന്നുണ്ട്. റോക്കറ്റ് ലോഞ്ചറുകളും, മറ്റ് ആയുധങ്ങളും ഒക്കെ ട്രെയിനില്‍ ബെലാറസ് അതിര്‍ത്തിയിലേക്ക് നീക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നും 60 കിലോ മീറ്റര്‍ മാത്രം മാറിയുള്ള ഒരു സൈനിക കാമ്ബിലേക്കാണ് ഇവ കൊണ്ടുപോയത്. എന്നാല്‍, ഇത് റഷ്യയും ബെലാറസും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു സൈനിക പരിശീലന പ്രകടനത്തിനുള്ളതാണെന്നാണ് ബെലാറസ് പറയുന്നത്. എന്നാല്‍, ഏതു നിമിഷവും ഉണ്ടാകാനിടയുള്ള ഉക്രെയിന്‍ ആക്രമണത്തിനുള്ള തയ്യാറെടുപ്പായിട്ടാണ് ഇതിനെ പാശ്ചാത്യ ശക്തികള്‍ വിലയിരുത്തുന്നത്.
അതിനിടയില്‍ റഷ്യ യുദ്ധത്തിനൊരുങ്ങുന്നു എന്നതിന്റെ പുതിയ ചില തെളിവുകള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. വീടുകളില്‍ നിന്നും ഒമ്ബത് മാസത്തോളം മാറിനില്‍ക്കേണ്ടി വരുമെന്ന് സൈനികര്‍ക്ക് അറിയിപ്പ് ലഭിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതുപോലെയാണ് ഉക്രെയിന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുന്നതിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍. ഈ സംഭവ വികാസങ്ങള്‍ക്കിടയിലാണ് റഷ്യ വലിയരീതിയില്‍ ആക്രമണം നടത്തിയാല്‍ പ്രതിരോധിക്കാം എന്ന ബൈഡന്റെ പ്രസ്താവന വിവാദമാകുന്നത്.
Stories you may Like
Post a Comment